വാഷിംഗ്ടൺ : താൻ എട്ട് യുദ്ധങ്ങൾ വിജയകരമായി അവസാനിപ്പിച്ചിട്ടുണ്ടെന്നും നോബൽ സമാധാന സമ്മാനത്തിന് താൻ പൂർണ്ണമായും അർഹനാണെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ്. താൻ യാതൊരുവിധ അവകാശവാദങ്ങളും മുഴക്കുകയല്ലെന്നും യാഥാർത്ഥ്യങ്ങൾ മാത്രമാണ് പറയുന്നതെന്നും വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി. അമേരിക്കൻ പ്രസിഡന്റുമാരിൽ ആരും തന്നെ ഇത്തരത്തിൽ യുദ്ധങ്ങൾ അവസാനിപ്പിച്ചിട്ടുണ്ടാകില്ലെന്നും മറ്റൊരു വലിയ സമാധാന കരാർ ഉടൻ തന്നെ യാഥാർത്ഥ്യമായേക്കുമെന്നും ട്രമ്പ് സൂചിപ്പിച്ചു. എന്നാൽ ട്രമ്പിന്റെ ഈ വാദങ്ങളെ പലതവണ ഫാക്റ്റ്-ചെക്കർമാർ തള്ളിക്കളഞ്ഞിട്ടുണ്ട്. അദ്ദേഹം അവകാശപ്പെടുന്ന പല സംഘർഷങ്ങളും ഔദ്യോഗികമായി യുദ്ധങ്ങളായിരുന്നില്ലെന്നും, ഓരോ വിഷയത്തിലും അമേരിക്കയുടെ ഇടപെടലുകൾ വ്യത്യസ്തമായിരുന്നു എന്നുമാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.
തന്റെ ഔദ്യോഗിക ജീവിതകാലയളവിൽ ഉടനീളം നോബൽ സമ്മാനത്തിനായുള്ള ആഗ്രഹം ട്രമ്പ് പലതവണ പരസ്യമാക്കിയിട്ടുണ്ട്. നോർത്ത് കൊറിയയുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിച്ചതു മുതൽ തന്നെ നോബൽ സമ്മാനത്തിനായി തന്റെ പേര് നിർദ്ദേശിക്കപ്പെട്ടിരുന്നുവെന്ന് അദ്ദേഹം പറയുന്നു. എന്നാൽ തനിക്ക് അർഹമായ അംഗീകാരം നോബൽ സമിതി നൽകുന്നില്ലെന്നും, നാലോ അഞ്ചോ തവണ തനിക്ക് ഈ പുരസ്കാരം ലഭിക്കേണ്ടതായിരുന്നു എന്നുമാണ് ട്രംപിന്റെ പക്ഷം. ഇന്ത്യ-പാകിസ്ഥാൻ, ഇസ്രായേൽ-ഇറാൻ, കംബോഡിയ-തായ്‌ലൻഡ്, സെർബിയ-കൊസോവോ തുടങ്ങി വിവിധ രാജ്യങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ താൻ നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് ട്രമ്പ് അവകാശപ്പെടുന്നു. എന്നാൽ ഇന്ത്യ-പാകിസ്ഥാൻ വെടിനിർത്തലിൽ അമേരിക്കയുടെ യാതൊരുവിധ ഇടപെടലുകളും ഉണ്ടായിട്ടില്ലെന്ന് ഇന്ത്യ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടുണ്ട്.
റിപ്പബ്ലിക്കൻ പ്രതിനിധികളും വിവിധ വിദേശ നേതാക്കളും ട്രമ്പിന്റെ നോബൽ നാമനിർദ്ദേശത്തെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇതിനിടയിൽ നോർവേയുമായുള്ള രാഷ്ട്രീയ തർക്കങ്ങൾക്കിടയിലും ട്രമ്പ് നോബൽ സമ്മാന വിഷയം ഉന്നയിച്ചിരുന്നു. വെെനീസ്വേലൻ രാഷ്ട്രീയ നേതാവ് മരിയ കൊരിന മച്ചാഡോ തനിക്ക് ലഭിച്ച നോബൽ സമ്മാന മെഡൽ ട്രമ്പിന് കൈമാറിയത് ഈ അടുത്തിടെ വലിയ ചർച്ചയായിരുന്നു. അതേസമയം, ഇറാനുമായി ബന്ധപ്പെട്ട നിലവിലെ സംഘർഷങ്ങളും സങ്കീർണ്ണമായ രാഷ്ട്രീയ സാഹചര്യങ്ങളും ട്രമ്പിന്റെ നോബൽ മോഹങ്ങൾക്ക് തിരിച്ചടിയാകുന്നുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. എങ്കിലും അന്താരാഷ്ട്ര തലത്തിൽ സമാധാനം സ്ഥാപിക്കുന്നതിൽ താൻ വഹിച്ച പങ്ക് ചരിത്രപരമാണെന്ന നിലപാടിൽ തന്നെയാണ് ഡൊണാൾഡ് ട്രമ്പ് ഉറച്ചുനിൽക്കുന്നത്.



