കേരള രാഷ്ട്രീയത്തിന്റെ ചരിത്രത്തിൽ ഇത്രയേറെ ലജ്ജാകരവും ഞെട്ടിപ്പിക്കുന്നതുമായ മാസപ്പടി പോലൊരു മറ്റൊരു അഴിമതിക്കഥ ഒരുപക്ഷേ ചൂണ്ടിക്കാണിക്കാൻ ഉണ്ടാവില്ല. തൊഴിലാളിവർഗ്ഗത്തിന്റെ പേരുപറഞ്ഞ് അധികാരക്കസേരകളിൽ അള്ളിപ്പിടിച്ചിരുന്ന സിപിഎമ്മിന്റെയും അവരുടെ സമുന്നത നേതാക്കളുടെയും പൊയ്മുഖം ഇന്ന് പൂർണ്ണമായും അഴിഞ്ഞുവീണിരിക്കുകയാണ്. മാസപ്പടി-ഹവാല ഇടപാടുകളിൽ വിജിലൻസ് കോടതി ഉത്തരവോടെ രജിസ്റ്റർ ചെയ്ത എഫ്ഐആർ വിവരങ്ങൾ പുറത്തുവരുമ്പോൾ, ജനങ്ങൾക്ക് മുന്നിൽ വെളിപ്പെടുന്നത് ഭരണഘടനയെയും ജനവിശ്വാസത്തെയും പച്ചയായി ഒറ്റിക്കൊടുത്ത ഒരു കുടുംബവാഴ്ചയുടെയും അഴിമതി ശൃംഖലയുടെയും ഞെട്ടിക്കുന്ന യാഥാർത്ഥ്യങ്ങളാണ്. സ്വന്തം അധികാരവും സ്വാധീനവും ഉപയോഗിച്ച് ഒരു സ്വകാര്യ കരിമണൽ കമ്പനിയിൽ നിന്ന് മകൾക്കായി കോടികൾ തട്ടിയെടുത്ത കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ഒന്നാം പ്രതിയായി എഫ്ഐആറിൽ ഇടംപിടിച്ചിരിക്കുന്നു.
യാതൊരു സേവനവും നൽകാതെ വ്യാജ കരാറുകളുടെ മറവിൽ മൂന്ന് കോടി ഇരുപത്തിയെട്ട് ലക്ഷം രൂപ വീണയുടെ എക്സാലോജിക്കിലേക്ക് ഒഴുകിയതും, കണക്കിലോ രേഖയിലോ പെടാത്ത അരക്കോടി രൂപ വ്യക്തിപരമായി വീണയുടെ കൈകളിലെത്തിയതും വെറുമൊരു സാമ്പത്തിക ഇടപാടല്ല, മറിച്ച് പകൽക്കൊള്ളയാണ്. സിഎംആർഎൽ ജനറൽ മാനേജറുടെ മൊഴികളിലൂടെ പുറത്തുവന്ന സത്യങ്ങൾ വ്യക്തമാക്കുന്നത് പിണറായിയുടെ അപ്രീതി ഭയന്നും രാഷ്ട്രീയ സ്വാധീനത്തിന് വഴങ്ങിയും മാത്രമാണ് ഈ പണം നൽകിയതെന്നാണ്. അഴിമതി നിരോധന നിയമപ്രകാരവും കള്ളപ്പണ ഇടപാടിലും ഹൈക്കോടതിയുടെ കർശന നിർദ്ദേശത്തോടെ വിജിലൻസ് രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുമ്പോൾ, ഒരു കേസിൽ മുൻ മുഖ്യമന്ത്രിയും അടുത്ത കേസിൽ മരുമകനും മുൻമന്ത്രിയുമായ മുഹമ്മദ് റിയാസും പ്രതിസ്ഥാനത്ത് വരുന്നു. ഇതോടെ പാർട്ടി കുടുംബവാഴ്ചയും അധികാരത്തിന്റെ മറവിലെ ധനസമ്പാദനവും എത്രത്തോളം വിപുലമായിരുന്നുവെന്ന് പകൽപോലെ തെളിയുകയാണ്.
എന്നാൽ കേരളത്തിൽ ഇത്രയും വലിയൊരു രാഷ്ട്രീയ ഭൂകമ്പം നടക്കുമ്പോൾ, സ്വന്തം പ്രതിച്ഛായ തകർന്നടിഞ്ഞ് നിൽക്കുമ്പോൾ, അതിനെ അഭിമുഖീകരിക്കാൻ പോലും തന്റേടമില്ലാതെ ഡൽഹിയിലേക്ക് വണ്ടികയറുന്ന പിണറായി വിജയന്റെ കാപട്യമാണ് ഇപ്പോൾ ഏറ്റവും വലിയ പരിഹാസ്യമായി മാറുന്നത്. കേരളത്തിലെ മാധ്യമങ്ങളുടെയും ജനങ്ങളുടെയും ചോദ്യങ്ങളിൽ നിന്ന് എങ്ങനെയെങ്കിലും ഒളിച്ചോടാൻ കേന്ദ്ര സർക്കാരിനെതിരെയുള്ള ഡൽഹി സമരം ഒരു കവചമാക്കുകയാണ് അദ്ദേഹം. സാധാരണക്കാരന്റെ ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരമില്ലാതെ വരുമ്പോൾ കേന്ദ്രവിരുദ്ധ സമരമെന്ന തട്ടിപ്പ് രാഷ്ട്രീയവുമായി തലസ്ഥാനത്തേക്ക് ഒളിച്ചോടുന്നത് ഇരട്ടച്ചങ്കന്റെ ധീരതയല്ല, മറിച്ച് കുറ്റബോധത്തിൽ നിന്നും ചോദ്യശരങ്ങളിൽ നിന്നും രക്ഷപ്പെടാനുള്ള ഭീരുത്വമാണ്. കേരളത്തിൽ ക്യാമറകൾക്ക് മുന്നിൽ മുഖം കൊടുക്കാതെ ഡൽഹിയിലെ കൊടുംതണുപ്പിൽ പ്രക്ഷോഭത്തിന്റെ നാടകം കളിച്ച് മാധ്യമങ്ങളിൽ നിന്ന് ഒളിച്ചുകളിക്കുന്ന ഈ തന്ത്രം ആർക്കാണ് മനസ്സിലാകാത്തത്?
പാവപ്പെട്ട പാർട്ടിക്കാരെ കൊടിയും പിടിപ്പിച്ച് തെരുവിൽ നിർത്തുമ്പോൾ, നേതാക്കളുടെ മക്കൾക്കും മരുമക്കൾക്കും കോർപ്പറേറ്റ് കമ്പനികളിൽ നിന്ന് മാസപ്പടിയും ഹവാലപ്പണവും പങ്കിട്ടുനൽകുന്ന വിപ്ലവമാണ് കേരളം കണ്ടത്. ഇതാണോ തൊഴിലാളിവർഗ്ഗ രാഷ്ട്രീയം? ഇതാണോ പാർട്ടി ഉയർത്തിപ്പിടിച്ച ആദർശം? ഒരു വശത്ത് മുതലാളിത്തത്തെ തെറിവിളിക്കുകയും മറുവശത്ത് അതേ കോർപ്പറേറ്റുകളുടെ തിണ്ണനിരങ്ങി കോടികൾ മാസപ്പടിയായി വാങ്ങിക്കൂട്ടുകയും ചെയ്യുന്ന ഈ ഇരട്ടത്താപ്പ് ജനങ്ങൾ പൂർണ്ണമായും തിരിച്ചറിഞ്ഞുകഴിഞ്ഞു. ഡൽഹിയിൽ പോയി എത്ര നാടകങ്ങൾ കളിച്ചാലും എത്ര മാധ്യമങ്ങളിൽ നിന്ന് ഒളിച്ചോടിയാലും, കട്ടപ്പണത്തിന്റെ കണക്കുകൾ ഓരോന്നായി കോടതിക്ക് മുന്നിൽ വിചാരണ ചെയ്യപ്പെടുക തന്നെ ചെയ്യും. അധികാരത്തിൽ ഇരുന്നുകൊണ്ട് ജനങ്ങളെ വഞ്ചിച്ച ഈ അഴിമതി കൂട്ടുകെട്ടിന് നിയമത്തിന്റെ മുന്നിലും ജനകീയ കോടതിയിലും നിന്ന് ഒരിക്കലും രക്ഷപ്പെടാനാവില്ല.



