പാകിസ്ഥാനിൽ വൻ രാഷ്ട്രീയ നാടകം ! പ്രതിപക്ഷം ഭരിക്കുന്ന ഖൈബർ പഖ്തൂൺഖ്വയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഷഹബാസ് ഷെരീഫ് ഭരണകൂടം ! വിമർശനവുമായി ഇമ്രാൻ ഖാന്റെ മകൻ കാസിം ഖാൻ

ഇസ്ലാമബാദ് : പാകിസ്ഥാനിൽ തഹ്‌രീകെ ഇൻസാഫ് പാർട്ടിയുടെ ഭരണത്തിലുള്ള ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ പാക് ഭരണകൂടം അടിയന്തരാവസ്ഥയും ഗവർണർ ഭരണവും ഏർപ്പെടുത്തിയതിനെതിരെ പ്രതിഷേധവുമായി മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ മകൻ കാസിം ഖാൻ. പാകിസ്ഥാൻ എന്ന രാജ്യം അതിലെ ജനങ്ങളുടേതാണെന്നും സൈന്യത്തിന്റേതല്ലെന്നും വ്യക്തമാക്കിയ കാസിം, സൈനിക മേധാവി ജനറൽ അസിം മുനീർ അധികാരം നിലനിർത്താൻ വേണ്ടി ഭീകരവാദത്തെ മറയാക്കുകയാണെന്ന് കുറ്റപ്പെടുത്തി.

സാമൂഹിക മാധ്യമമായ എക്‌സിലൂടെയായിരുന്നു കാസിമിന്റെ വിമർശനം. ഇമ്രാൻ ഖാന്റെ മോചനത്തിനായി ജനങ്ങൾ തെരുവിലിറങ്ങിയതിനെത്തുടർന്ന് കടുത്ത ഭയപ്പാടിലാണ് ഷെഹ്ബാസ് ഷരീഫ് സർക്കാരും സൈന്യവും ഈ തീരുമാനമെടുത്തതെന്ന് കാസിം ആരോപിച്ചു. ബലൂചിസ്ഥാനിലും പാക് അധീന കാശ്മീരിലും ഭരണപരാജയം നേരിട്ട സൈന്യം, പഷ്തൂൺ മണ്ണിൽ വീണ്ടും സൈനിക നടപടികൾ ന്യായീകരിക്കുന്നതിനായി ഭീകരവാദ ആരോപണം ഉന്നയിക്കുകയാണെന്ന് കാസിം ആരോപിച്ചു. ജനങ്ങളുടെ ജീവൻ ബലിനൽകിയാണ് അസിം മുനീറിന്റെ ഭരണകൂടം അധികാരം നിലനിർത്താൻ ശ്രമിക്കുന്നതെന്നും കാസിം കുറിച്ചു.

പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന്റെ മന്ത്രിസഭ സമർപ്പിച്ച ശുപാർശയിൽ പ്രസിഡന്റ് ആസിഫ് അലി സർദാരി ഒപ്പുവെച്ചതോടെയാണ് ഭരണഘടനയിലെ 232, 234 വകുപ്പുകൾ പ്രകാരം പ്രവിശ്യയിൽ അടിയന്തരാവസ്ഥ നിലവിൽ വന്നത്. ഇതോടെ പ്രതിപക്ഷമായ പിടിഐ കൈയ്യാളിയിരുന്ന പ്രവിശ്യാ സർക്കാരിന്റെ അധികാരം പൂർണ്ണമായും കേന്ദ്രത്തിന്റെ നിയന്ത്രണത്തിലായി. ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ പ്രവിശ്യാ ഭരണകൂടം നിഷ്ക്രിയത്വം പാലിച്ചുവെന്നാണ് ഷെഹ്ബാസ് ഷരീഫ് സർക്കാരിന്റെ ആരോപണം.

ഉത്തരവ് ഇറങ്ങിയതിന് പിന്നാലെ പ്രവിശ്യയിൽ കടുത്ത സുരക്ഷാ നിയന്ത്രണങ്ങളും ഫോൺ-ഇന്റർനെറ്റ് സേവനങ്ങൾക്ക് വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. ഇമ്രാൻ ഖാന്റെ മോചനം ആവശ്യപ്പെട്ട് ലോംഗ് മാർച്ചിന് നേതൃത്വം നൽകിയ ഖൈബർ പഖ്തൂൺഖ്വ മുഖ്യമന്ത്രി സൊഹൈൽ അഫ്രീദിയെ സുരക്ഷാ സേന കസ്റ്റഡിയിലെടുത്തു. പുതിയ ചീഫ് സെക്രട്ടറിയെ നിർദ്ദേശിച്ച ഫെഡറൽ സർക്കാർ നഗരങ്ങളിലേക്കുള്ള പ്രധാന പാതകളെല്ലാം ബാരിക്കേഡുകൾ വെച്ച് അടച്ചിരിക്കുകയാണ്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles