മെസ്സി തട്ടിപ്പ് !! കൊച്ചി സ്റ്റേഡിയം നവീകരണത്തിൽ കോടികളുടെ ക്രമക്കേട്!! സ്പോൺസർമാരുടെ കണക്ക് 70 കോടി, യഥാർത്ഥ ചെലവ് 8.44 കോടി മാത്രമെന്ന് കണ്ടെത്തൽ

കൊച്ചി: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന അവകാശവാദവുമായി നടത്തിയ കൊച്ചി ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയം നവീകരണത്തിൽ വൻ സാമ്പത്തിക ക്രമക്കേടുകൾ നടന്നതായി കണ്ടെത്തൽ. സ്റ്റേഡിയം നവീകരണത്തിന് യഥാർത്ഥത്തിൽ ചെലവായത് 8.44 കോടി രൂപ മാത്രമാണെങ്കിലും, മത്സരത്തിന്റെ സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ 70 കോടി രൂപ ചെലവഴിച്ചെന്നാണ് അവകാശപ്പെടുന്നത്. ജിസിഡിഎയുടെ (GCDA) ആഭ്യന്തര റിപ്പോർട്ടിലാണ് ഏകദേശം 60 കോടി രൂപയിലധികം പെരുപ്പിച്ചു കാണിച്ചതായി കണ്ടെത്തിയിരിക്കുന്നത്.

ജിസിഡിഎ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി നടത്തിയ പ്രാഥമിക വിലയിരുത്തലിലാണ് നവീകരണ ചെലവുകളുടെ യഥാർത്ഥ കണക്കുകൾ പുറത്തുവന്നത്. മതിൽ നിർമ്മാണത്തിന് 1.19 കോടി രൂപയും, പാർക്കിങ് ഗ്രൗണ്ട് വികസനത്തിന് 1.66 കോടി രൂപയും, ഗാലറിയിൽ കസേരകൾ സ്ഥാപിക്കുന്നതിന് 2.22 കോടി രൂപയുമാണ് ചെലവഴിച്ചിരിക്കുന്നത്. പെയിന്റിങ്, പ്രവേശനകവാട നവീകരണം, ശുചിമുറി നവീകരണം, ഇലക്ട്രിക്കൽ ജോലികൾ എന്നിവയ്ക്ക് 1.36 കോടി രൂപയും മറ്റ് ആവശ്യങ്ങൾക്കായി ഏകദേശം 2 കോടി രൂപയുമാണ് കണക്കാക്കിയിട്ടുള്ളത്. പത്ത് ശതമാനം ലാഭം കണക്കാക്കിയാൽ പോലും യഥാർത്ഥ ചെലവ് 10 കോടി രൂപയിൽ എത്തില്ലെന്നാണ് ജിസിഡിഎ വൃത്തങ്ങൾ നൽകുന്ന വിവരം.

നവീകരണത്തിനായി അതോറിറ്റിക്ക് പണമൊന്നും ചെലവഴിക്കേണ്ടി വന്നിട്ടില്ലെന്ന മുൻ ജിസിഡിഎ ചെയർമാൻ കെ. ചന്ദ്രൻപിള്ളയുടെ അവകാശവാദത്തിന് വിരുദ്ധമായി, ജിസിഡിഎ സ്വന്തം നിലയിൽ ഇലക്ട്രിക്കൽ, ഫെൻസിങ് ജോലികൾ ഭാഗികമായി നിർവ്വഹിക്കുകയും ഫ്ലഡ്‌ലൈറ്റുകളുടെ അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്തിട്ടുണ്ടെന്ന് രേഖകളിൽ വ്യക്തമാണ്. ഇതിനായി 50 ലക്ഷത്തിലധികം രൂപയാണ് ചെലവഴിച്ചത്. ഇടപാടിൽ ഗുരുതരമായ ക്രമക്കേടുകളും കള്ളപ്പണ വെളുപ്പിക്കൽ സാധ്യതകളും ഉണ്ടെന്ന് ചൂണ്ടിക്കാട്ടി എംഎൽഎ മുഹമ്മദ് ഷിയാസ് ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിട്ടുണ്ട്.

സാമ്പത്തിക ഇടപാടുകളിലെ ചട്ടലംഘനങ്ങളും നികുതി വെട്ടിപ്പും അന്വേഷിക്കുന്നതിനായി ജിഎസ്ടി വകുപ്പും ജിസിഡിഎയിൽ നിന്ന് രേഖകൾ ശേഖരിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് സമഗ്രമായി അന്വേഷിക്കാൻ സംസ്ഥാന സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. വിദേശത്തേക്ക് കോടിക്കണക്കിന് രൂപ അയച്ചതുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ED) ഇതിനോടകം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്പോൺസർമാരെ തിരഞ്ഞെടുക്കുന്നതിലും സ്റ്റേഡിയം കൈമാറുന്നതിലും അഴിമതി നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് മുൻ കായിക മന്ത്രി വി. അബ്ദുറഹിമാൻ, മുൻ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി എന്നിവരുൾപ്പെടെയുള്ളവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ പ്രത്യേക അന്വേഷണ സംഘം ശുപാർശ ചെയ്തിട്ടുണ്ട്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles