ഡൽഹിയിലെ തെരുവുകളിൽ അടുത്തിടെ ഉയർന്നുകേട്ട ഒരു വലിയ കോലാഹലത്തിന്റെ അണിയറക്കഥകൾ നാം പരിശോധിക്കേണ്ടതുണ്ട്. പോലീസ് സന്നാഹങ്ങൾക്ക് നടുവിലൂടെ കൊടിയുമേന്തി കുതിച്ചുപായുന്ന ഒരു പെൺകുട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിലാകെ പ്രചരിപ്പിക്കപ്പെട്ടു. വിപ്ലവവീര്യമെന്നും പോരാട്ടവീറുടെ നേർസാക്ഷ്യമെന്നും ഒക്കെ വാഴ്ത്തിപ്പാടി എസ്എഫ്ഐയും സിപിഎമ്മും ആ ദൃശ്യങ്ങളെ മാർക്കറ്റ് ചെയ്ത രീതി കണ്ടാണ്ടാൽ തോന്നും ചരിത്രത്തിലെ ഏറ്റവും വലിയ വീരോചിത ചെറുത്തുനിൽപ്പാണ് അവിടെ അരങ്ങേറിയതെന്ന്. പാലക്കാട് സ്വദേശിയായ പവിത്ര എന്ന വിദ്യാർത്ഥിനിയെ ഒറ്റ രാത്രികൊണ്ട് ഒരു ആഗോള വിപ്ലവ നായികയായി ചിത്രീകരിക്കാനുള്ള വ്യഗ്രതയായിരുന്നു സൈബർ സഖാക്കളുടെ പേജുകളിൽ ഉടനീളം കണ്ടത്. എന്നാൽ സിനിമയെ വെല്ലുന്ന പശ്ചാത്തല സംഗീതവും സ്ലോ മോഷനും എഡിറ്റിംഗും മാറ്റിവെച്ച് ആ ദൃശ്യങ്ങളുടെ പച്ചയായ യാഥാർത്ഥ്യത്തിലേക്ക് കണ്ണോടിച്ചാൽ ആർക്കും ബോധ്യപ്പെടുന്ന ഒരു കാര്യമുണ്ട്, അത് പോരാട്ടമല്ല മറിച്ച് പോലീസിനെ കണ്ട് പേടിച്ചോടിയ ഒന്നാന്തരം വെപ്രാളമാണ്.
ഡൽഹി പോലീസ് സമരക്കാരെ തടയാൻ എത്തിയപ്പോൾ വാഹനത്തിൽനിന്ന് ചാടിയിറങ്ങി നാലുപാടും ചിതറിയോടിയ കൂട്ടത്തിൽ ഈ പെൺകുട്ടിയും ജീവനുംകൊണ്ടോടുകയായിരുന്നു. കൈയിൽ യാദൃശ്ചികമായി കിട്ടിയ കൊടിയുമായി ഓടിയ ഓട്ടത്തെയാണ് ഇപ്പോൾ ഐതിഹാസിക വിപ്ലവമാക്കി അവതരിപ്പിക്കുന്നത്. പേടിച്ചരണ്ട മുഖഭാവത്തോടെ സ്വന്തം രക്ഷ മാത്രം നോക്കി മുന്നോട്ടുവെച്ച കാലടികളെയാണ് ‘നെഞ്ചൂക്കോടെ നേരിടാനുള്ള തീക്കനൽ’ എന്നൊക്കെ കവിതാശൈലിയിൽ ലേബലൊട്ടിച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ശ്രമിക്കുന്നത്. തോറ്റോടലുകളെപ്പോലും ചരിത്ര വിജയമാക്കി മാറ്റുന്ന പിആർ മാമാങ്കമാണ് ഇവിടെ അരങ്ങേറിയത്. സത്യത്തിൽ പേടിച്ചോടുന്ന ഒരു സാധാരണ സംഭവത്തെ സ്ലോ മോഷനിലാക്കി വിപ്ലവഗാനം പശ്ചാത്തലത്തിലിട്ടാൽ ആരും രക്തസാക്ഷിയാകും എന്ന നിലയിലാണ് ഇന്നത്തെ എസ്എഫ്ഐയുടെ പ്രവർത്തനരീതി.
വർഷങ്ങളായി ഇവർ തുടരുന്ന ഒരു നാടകത്തിന്റെ ആവർത്തനം മാത്രമാണിത്. പൊതുസമൂഹത്തിന്റെ മുന്നിൽ ആളാവാൻ സമരം ചെയ്യുക, പോലീസ് കൺമുന്നിൽ വടിയും ലാത്തിയും കാണുമ്പോൾ ചിതറിയോടുക, എന്നിട്ട് അതിൽനിന്നും ഏതെങ്കിലും ഒരു കോണിൽ പതിഞ്ഞ ഫ്രെയിം വെട്ടിമാറ്റി മാധ്യമങ്ങളിലൂടെയും സൈബർ ഇടങ്ങളിലൂടെയും തള്ളിക്കയറ്റുക. ഇതൊരുതരം സ്ഥിരം പാറ്റേണാണ്. ഡൽഹിയിലെ ക്യാമ്പസുകളിൽ ശക്തമായ സ്വാധീനമുണ്ടെന്ന് വരുത്തിത്തീർക്കാൻ ഇത്തരത്തിലുള്ള കെട്ടുകാഴ്ചകൾ ഉണ്ടാക്കിയെടുക്കേണ്ടത് ഇവരുടെ നിലനിൽപ്പിന്റെ ആവശ്യമാണ്. പോലീസിനെക്കണ്ട് പ്രാണഭയത്താൽ ഓടിയതിനെയാണ് വിപ്ലവത്തിന്റെ ആവേശമാക്കി കൊണ്ടാടുന്നത് എന്ന് പറയുമ്പോൾ ഇവിടുത്തെ സാമാന്യബുദ്ധിയുള്ള മനുഷ്യർക്ക് ചിരിയാണ് വരുന്നത്.
കേരളത്തിലെ കോളേജുകളിൽ സ്വന്തം സഹപാഠികളെ ഭീഷണിപ്പെടുത്തിയും ഇടിമുറികൾ പണിതും വീരവാദം മുഴക്കുന്ന എസ്എഫ്ഐ നേതാക്കൾക്ക് പുറംലോകത്തെ നിയമവ്യവസ്ഥയ്ക്ക് മുന്നിൽ നിൽക്കാൻ കെൽപ്പില്ലെന്ന സത്യം കൂടിയാണ് ഈ സംഭവം വെളിവാക്കുന്നത്. സ്വന്തം സംഘടനയിലെ കുട്ടികളെപ്പോലും സത്യസന്ധമായി നയിക്കാൻ കെൽപ്പില്ലാത്ത നേതാക്കൾ അവരെ ക്യാമറയ്ക്ക് മുന്നിലെ ഉപകരണങ്ങളാക്കി മാറ്റുന്നു. പേടിച്ചോടുന്ന കുട്ടിയുടെ ചിത്രം കാണിച്ച് സഹതാപവും രക്തസാക്ഷി പരിവേഷവും ഉണ്ടാക്കിയെടുക്കാനുള്ള ഈ ഹീനമായ ശ്രമം പരിഹാസ്യമാണ്. യാഥാർത്ഥ്യത്തിന്റെ വെളിച്ചത്തിൽ ചിന്തിച്ചാൽ, അവിടെ നടന്നത് വിപ്ലവമല്ല, വെറും പേടിച്ചോട്ടവും അതിനു പിന്നാലെ വന്ന തരംതാണ പിആർ തട്ടിപ്പും മാത്രമാണ്. പൊതുജനം ഇതൊക്കെ കാണുന്നുണ്ടെന്നും ഇത്തരം വ്യാജ വിപ്ലവ വീരവാദങ്ങൾ എളുപ്പത്തിൽ വിഴുങ്ങാൻ മാത്രം വിഡ്ഢികളല്ലെന്നും സംഘടന മനസ്സിലാക്കുന്നത് നന്നായിരിക്കും.



