ഹിംഗോളി : ഡൽഹിയിൽ പോലീസ് കസ്റ്റഡിയിൽ കഴിയുന്ന കോക്കറോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെയുടെ മുത്തശ്ശി അന്തരിച്ചു. മഹാരാഷ്ട്രയിലെ ഹിംഗോളി ജില്ലയിലെ സന്തുക്ക് പിംപ്രി ഗ്രാമത്തിൽ താമസിച്ചിരുന്ന ഇവർ വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.
വോട്ടർ പട്ടിക പരിഷ്കരണത്തിൽ വലിയ തോതിൽ ക്രമക്കേട് നടന്നതായി ആരോപിച്ച്, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിലെ ജന്തർ മന്തറിൽ പ്രഖ്യാപിച്ച പ്രതിഷേധത്തിൽ പങ്കെടുക്കാൻ എത്തിയ അഭിജിത് ദീപ്കെ ണ് നിലവിൽ ഡൽഹി പോലീസിന്റെ കസ്റ്റഡിയിലാണ്. മുംബൈയിൽ നിന്ന് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനമിറങ്ങിയ ഉടൻ തന്നെ ഡൽഹി പോലീസ് വിമാനത്തിനുള്ളിൽ കയറി അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെയും വിമാനത്താവളത്തിൽ വെച്ച് പോലീസ് കരുതൽ തടങ്കലിലാക്കിയിരുന്നു.
അതേസമയം, ഛത്രപതി സംഭാജിനഗറിലുള്ള അഭിജിത് ദീപ്കെയുടെ മാതാപിതാക്കളായ അനിതയുടെയും ഭഗവാൻ ദീപ്കെയുടെയും വീടിന് പുറത്ത് പോലീസ് കർശന കാവൽ ഏർപ്പെടുത്തിയിരിക്കുകയാണ്. മുത്തശ്ശിയുടെ വേർപാടവിവരമറിഞ്ഞ ഇരുവരും ചടങ്ങുകളിൽ പങ്കെടുക്കാനായി ഹിംഗോളിയിലെ സ്വന്തം ഗ്രാമത്തിലേക്ക് തിരിക്കാനുള്ള ഒരുക്കത്തിലാണ്.



